---
title: "#koyilandy |  ആന്തട്ട ഗവ. യു. പി സ്‌കൂളിന് ജില്ലയിലെ മികച്ച സ്‌കൂള്‍ പിടിഎ അവാര്‍ഡ് "
english_title: "PTA Award for Best School in the District to Antatta Govt UP School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/144053/pta-award-for-best-school-in-the-district-to-antatta-govt-up-school"
published_at: "2023-09-05T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f71687185a0_anthatta.jpg"
keywords: []
---

# #koyilandy |  ആന്തട്ട ഗവ. യു. പി സ്‌കൂളിന് ജില്ലയിലെ മികച്ച സ്‌കൂള്‍ പിടിഎ അവാര്‍ഡ് 

> **Lead Summary:** **കൊയിലാണ്ടി: **ജില്ലയിലെ മികച്ച പി.ടി.എ അവാര്‍ഡ് ആന്തട്ട ഗവ.യു.പി സ്‌കൂളിന് അര്‍ഹതക്കുള്ള അംഗീകാരമായി മാറി. എഴുപതിനായിരം രൂപയാണ് അവാര്‍ഡ് തുകയായി ലഭിക്കുക. നിരവധി നൂതന പദ്ധതികള്‍ ഒരുക്കിക്കൊണ്ട് മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയാവാന്‍ ആന്തട്ടക്കു കഴിഞ്ഞു. പഠന പരിമിതി അനുഭവിക്കുന്ന കുട്ടികള്‍ക്കായി ഒരുക്കിയ സ്‌മൈല്‍ പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റെ ക്യു.ഐ.പി. വിഭാഗത്തിന്റെ പ്രശംസ പിടിച്ചുപറ്റി. പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കി വര്‍ഷം മുഴുവന്‍ പഠന പോഷണ പരിപാടി നടത്തി.

## Article Content

**കൊയിലാണ്ടി: **ജില്ലയിലെ മികച്ച പി.ടി.എ അവാര്‍ഡ് ആന്തട്ട ഗവ.യു.പി സ്‌കൂളിന് അര്‍ഹതക്കുള്ള അംഗീകാരമായി മാറി. എഴുപതിനായിരം രൂപയാണ് അവാര്‍ഡ് തുകയായി ലഭിക്കുക. നിരവധി നൂതന പദ്ധതികള്‍ ഒരുക്കിക്കൊണ്ട് മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയാവാന്‍ ആന്തട്ടക്കു കഴിഞ്ഞു. പഠന പരിമിതി അനുഭവിക്കുന്ന കുട്ടികള്‍ക്കായി ഒരുക്കിയ സ്‌മൈല്‍ പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റെ ക്യു.ഐ.പി. വിഭാഗത്തിന്റെ പ്രശംസ പിടിച്ചുപറ്റി. പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കി വര്‍ഷം മുഴുവന്‍ പഠന പോഷണ പരിപാടി നടത്തി.

സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ ഇരുപത്തിരണ്ട് ദിനപത്രങ്ങള്‍ വര്‍ഷം മുഴുവന്‍ ക്ലാസുകളിലെത്തിച്ച് കുട്ടികളുടെ പത്രവായന ശീലമാക്കി മാറ്റി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ പ്രത്യേക ധനസഹായം നല്‍കി. ഫസ്റ്റ് എയിഡ് ക്യാമ്പിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും ജീവന്‍ രക്ഷാ പരിശീലനം നല്‍കി. വര്‍ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ലഹരി വിരുദ്ധ മനുഷ്യ മതില്‍ ഉള്‍പ്പെടെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിത്തെറിയാം വിളവെടുക്കാം പദ്ധതിയിലൂടെ ജൈവ പച്ചക്കറികളും പയര്‍ വര്‍ഗങ്ങളും ഉല്‍പാദിപ്പിച്ച് ഉച്ച ഭക്ഷണ വിതരണ പദ്ധതിയില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ ശ്രമിച്ചു. മുന്നാസ് ഗ്രൂപ്പില്‍ നിന്നും വിട്ടു കിട്ടിയ ഇരുപത്തിരണ്ട് സെന്റ് ഭൂമിയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയായിരുന്നു കൃഷി. ഇടവിള കൃഷിയും നടത്തിയിരുന്നു. കൃഷി മുന്നോട്ടു കൊണ്ടുപോയ അമ്മ ഗ്രൂപ്പിന് ട്രാക്ടര്‍ ഓടിക്കാനുള്ള പരിശീലനവും നല്‍കി.ഗ്രാമ പഞ്ചായത്തിന്റെ കാര്‍ഷിക അവാര്‍ഡ് നേടാനും സ്‌കൂളിന് കഴിഞ്ഞു. സ്‌കൂളില്‍ സ്വന്തമായൊരുക്കിയ മിനി പ്ലാനറ്റോറിയം സമൂഹ ശ്രദ്ധ പിടിച്ചുപറ്റി. ഗ്രാന്‍ഡ്ഫുഡ് എന്ന പേരില്‍ നടത്തിയ ഉച്ചഭക്ഷണ പദ്ധതിയും മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയായി . സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ മാംസക്കറി, പായസം, പഴവര്‍ഗങ്ങള്‍ എന്നിവയൊക്കെ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി മാറി. സ്‌കൂള്‍ തുറക്കലിനു മുന്നോടിയായി എട്ട് മേഖലകളിലായി നടത്തിയ സമഗ്രാസൂത്രണ ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു. കാപ്പാട് കടല്‍ത്തീര ശുചീകരണം, എല്ലാ ക്ലാസുകളിലും ഗാന്ധി സാന്നിധ്യം, ഫുഡ് ഫെസ്റ്റ്, സയന്‍സ് ഡെ, മാത്സ് ഫെസ്റ്റിവല്‍ , പ്രതിഭകള്‍ക്കൊപ്പം പരിപാടി , കിഡ്‌സ് ഫെസ്റ്റ് തുടങ്ങിയവയും സവിശേഷ ശ്രദ്ധ നേടി. ജെ.ആര്‍.സി. യൂനിറ്റ് ഉത്പാദിപ്പിച്ച ആന്തട്ട ചന്ദനത്തിരികള്‍ വിപണിയില്‍ പ്രചരിച്ചിരുന്നു. പാരന്റ് കൗണ്‍സില്‍, പൂര്‍വ അധ്യാപക വിദ്യാര്‍ത്ഥി ഫോറങ്ങള്‍, എസ്.എം.സി, എസ്.എസ്.ജി എന്നിവയും സജീവമായി പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ സഭ, ക്ലാസ് സഭ എന്നിവ വഴിയാണ് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കുന്നത്. 90 ലക്ഷം രൂപ ചെലവില്‍ തീരദേശ വികസന വകുപ്പ് നിര്‍മിച്ച പുതിയ കെട്ടിടത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തികള്‍ സ്‌കൂളില്‍ നടന്നു വരുന്നു. പുതിയ കെട്ടിടത്തിന് മൂന്നാം നില പണിയുന്നതിന്റെ ഭരണാനുമതി ഉടന്‍ ലഭിക്കുമെന്ന് കരുതുന്നു. എ.ഹരിദാസ് പ്രസിഡണ്ടും ഹെഡ്മാസ്റ്റര്‍ എം.ജി.ബല്‍രാജ് സെക്രട്ടറിയുമായ പി.ടി.എ. കമ്മറ്റിയാണ് സ്‌കൂളിനെ നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/144053/pta-award-for-best-school-in-the-district-to-antatta-govt-up-school)