---
title: "#inspection | 777 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്; ഓണം വിപണിയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ വ്യാപക പരിശോധന "
english_title: "Case against 777 institutions; Legal metrology department's extensive inspection in Onam market"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/143962/case-against-777-institutions-legal-metrology-departments-extensive-inspection-in-onam-market"
published_at: "2023-09-05T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6c8361077d_market_Lg.jpg"
keywords: []
---

# #inspection | 777 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്; ഓണം വിപണിയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ വ്യാപക പരിശോധന 

> **Lead Summary:** **കോഴിക്കോട്: **ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് 3337 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയ 777 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 30,34,500 രൂപ പിഴ ഈടാക്കിയതായി ഉത്തരമേഖലാ ജോയിന്റ് കണ്‍ട്രോളര്‍ രാജേഷ് സാം അറിയിച്ചു.

## Article Content

**കോഴിക്കോട്: **ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് 3337 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയ 777 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 30,34,500 രൂപ പിഴ ഈടാക്കിയതായി ഉത്തരമേഖലാ ജോയിന്റ് കണ്‍ട്രോളര്‍ രാജേഷ് സാം അറിയിച്ചു.

ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക് ഉപകരണ കേന്ദ്രങ്ങള്‍, ഓണച്ചന്തകള്‍, റേഷന്‍ പൊതുവിതരണ കേന്ദ്രങ്ങള്‍, ഇന്ധന വിതരണ കേന്ദ്രങ്ങള്‍, വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍, വഴിയൊര കച്ചവടം,ജ്വല്ലറികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.

യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ 626 കേസുകളും, പാക്കേജുകളില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ വില്‍പ്പന നടത്തല്‍/എം.ആര്‍.പി തിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട 142 കേസുകളും അളവിലും തൂക്കത്തിലും കുറവ് വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 8 കേസുകളും എം.ആര്‍.പി യേക്കാള്‍ അമിത വില ഈടാക്കി വില്‍പ്പന നടത്തിയതായി കണ്ടെത്തിയതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കണ്ടെത്തുന്ന കേസുകളില്‍ പിഴ ഈടാക്കുന്നതും പിഴ ഒടുക്ക് വരുത്താത്തവ കോടതിയില്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും തുടര്‍ന്നും പരിശോധനകള്‍ ഉണ്ടായിരിക്കുമെന്നും ഉത്തരമേഖല ജോയിന്റ് കണ്‍ട്രോളര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/143962/case-against-777-institutions-legal-metrology-departments-extensive-inspection-in-onam-market)