---
title: "#koyilandy | കുടുംബശ്രീ, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്കായി വേറിട്ട മത്സരവുമായി ശുചിത്വമിഷന്‍ "
english_title: "competition for Kudumbashree and Harita Karmasena workers"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141606/competition-for-kudumbashree-and-harita-karmasena-workers"
published_at: "2023-08-25T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e84787e3c29_64e5e8e6c1685_oonam_LGGGGL.jfif"
keywords: []
---

# #koyilandy | കുടുംബശ്രീ, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്കായി വേറിട്ട മത്സരവുമായി ശുചിത്വമിഷന്‍ 

> **Lead Summary:** **കൊയിലാണ്ടി: **മാലിന്യ മുക്തം - നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്കായി വേറിട്ട മത്സരവുമായി ജില്ലാ ശുചിത്വമിഷന്‍. ഓണാഘോഷത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 'കരവിരുതിന്റെ കയ്യൊപ്പ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പായും മത്സരിക്കാം.

## Article Content

**കൊയിലാണ്ടി: **മാലിന്യ മുക്തം - നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്കായി വേറിട്ട മത്സരവുമായി ജില്ലാ ശുചിത്വമിഷന്‍. ഓണാഘോഷത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 'കരവിരുതിന്റെ കയ്യൊപ്പ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പായും മത്സരിക്കാം.

 വീടുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ശേഖരിക്കുന്ന പാഴ്‌വസ്തുക്കളില്‍ നിന്ന് ഭംഗിയുള്ളതും ഈടു നില്‍ക്കുന്നതുമായ അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കുക എന്നതാണ് മത്സരം. നിര്‍മ്മിച്ച അലങ്കാരവസ്തുക്കള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സിഡിഎസ്, ഹരിത കണ്‍സോഷ്യം ഭാരവാഹികളെ ഏല്‍പ്പിക്കണം. മികച്ച മൂന്ന് അലങ്കാര വസ്തുക്കള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ തെരഞ്ഞെടുത്ത ശേഷം സിഡിഎസ്, കണ്‍സോഷ്യം ഭാരവാഹികളുടെ സാക്ഷ്യപത്രത്തോടെ ജില്ലാ ശുചിത്വമിഷന് കൈമാറുകയാണ് വേണ്ടത്.

ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ്പ് തലം സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ എന്നിങ്ങനെ പാരിതോഷികവും പ്രശംസാപത്രവും നല്‍കും. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വ്യക്തിഗത സ്ഥാനകാര്‍ക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ പാരിതോഷികവും പ്രശംസാപത്രവും നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പ്രകൃതി സൗഹൃദ ബാഗുകളും പ്രശംസാപത്രവും നല്‍കും. സെപ്റ്റംബര്‍ രണ്ടിനകം അലങ്കാര വസ്തുക്കള്‍ പഞ്ചായത്ത് തലത്തില്‍ സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 10നകം ജില്ലാ തലത്തിലും സമര്‍പ്പിക്കണം. ജില്ലാതല ഫല പ്രഖ്യാപനം സെപ്റ്റംബര്‍ 21 ന് നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141606/competition-for-kudumbashree-and-harita-karmasena-workers)