---
title: "#krishnakireedam | പതിവ് തെറ്റിച്ചില്ല, ഇത്തവണയും ചിങ്ങം എത്തും മുന്നേ തൊടികളില്‍ കൃഷ്ണകിരീടം പൂത്ത് കഴിഞ്ഞു "
english_title: "krishnakiridam bloomed at the time of chingam "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140054/krishnakiridam-bloomed-at-the-time-of-chingam"
published_at: "2023-08-18T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df8b0e28fdf_krishna_kireedam_LG.JPG"
keywords: []
---

# #krishnakireedam | പതിവ് തെറ്റിച്ചില്ല, ഇത്തവണയും ചിങ്ങം എത്തും മുന്നേ തൊടികളില്‍ കൃഷ്ണകിരീടം പൂത്ത് കഴിഞ്ഞു 

> **Lead Summary:** **കൊയിലാണ്ടി: **ഓണക്കാലം മറുനാടന്‍ പൂക്കള്‍ കയ്യടക്കുമ്പോഴും മലയാളികള്‍ക്ക് സുപരിചിതമായ കൃഷ്ണകിരീടം ഇക്കുറിയും പൂത്തു. ചിങ്ങം പിറക്കുമ്പോള്‍ തന്നെ തൊടികളില്‍ സമൃദ്ധമായി കൃഷ്ണകിരീടം പൂത്ത് നില്‍ക്കും. കൃഷ്ണകിരീടം ഹനുമാന്‍ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പഗോട അങ്ങനെ പലയിടത്തും പല പേരുകള്‍ ആണ് ഈ പൂവിന്. ചിങ്ങം പിറക്കുമ്പോഴാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്.

## Article Content

**കൊയിലാണ്ടി: **ഓണക്കാലം മറുനാടന്‍ പൂക്കള്‍ കയ്യടക്കുമ്പോഴും മലയാളികള്‍ക്ക് സുപരിചിതമായ കൃഷ്ണകിരീടം ഇക്കുറിയും പൂത്തു. ചിങ്ങം പിറക്കുമ്പോള്‍ തന്നെ തൊടികളില്‍ സമൃദ്ധമായി കൃഷ്ണകിരീടം പൂത്ത് നില്‍ക്കും. കൃഷ്ണകിരീടം ഹനുമാന്‍ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പഗോട അങ്ങനെ പലയിടത്തും പല പേരുകള്‍ ആണ് ഈ പൂവിന്. ചിങ്ങം പിറക്കുമ്പോഴാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്.

കൃഷ്ണനാട്ടത്തിലെയും കഥകളിയിലെയും കൃഷ്ണകിരീടം ഈ പൂവിന്റെ രൂപഭംഗി അനുകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിനാല്‍ ശലഭോദ്യാനങ്ങള്‍ക്ക് വളരെ ഉത്തമമാണ്. വെറും ഒരു പൂവ് അണ് എന്ന് കരുതി തള്ളി കളയാന്‍ വരട്ടെ നിരവധി ഔഷധ ഗുണങ്ങള്‍ കൂടി അടങ്ങിയ ഒന്നാണ് ഈ ചെടി. ഔഷധ ഗുണമുള്ളതിനാല്‍ ആയുര്‍വേദത്തിലും നാട്ടുവൈദ്യത്തിലും വലിയ സ്ഥാനവുമുണ്ട്.

തണല്‍ ഇഷ്ടപ്പെടുന്ന ഈ ചെടിയുടെ വേരില്‍ നിന്നു പൊട്ടി മുളയ്ക്കുന്ന തൈകള്‍ നടീല്‍ വസ്തുവായും ഉപയോഗിക്കാം. 1767ല്‍ ആധുനിക ജീവശാസ്ത്രത്തിന്റെ നാമകരണ പിതാവെന്ന് അറിയപ്പെടുന്ന കാള്‍ ലീനിയസ് ആണ് ഈ പുഷ്പത്തിനെ കുറിച്ച് ആദ്യമായി പരാമര്‍ശിക്കുന്നത്. ഏകദേശം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുക.

വലിപ്പമുള്ള ഇലകള്‍ ഇതിന്റെ പ്രത്യേകതയാണ്. ഇതിന്റെ പൂക്കള്‍ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഒരുക്കാനുമാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്. മലേഷ്യയില്‍ വിശ്വാസ പ്രകാരം മരിച്ചു പോയവരുടെ ആത്മാക്കളെ തിരിച്ചുകൊണ്ടുവരാം എന്നൊരു വിശ്വാസം കൂടിയുണ്ട് ഇതിന്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140054/krishnakiridam-bloomed-at-the-time-of-chingam)